പതാകകളുടെ മാനങ്ങൾ (part -1)




             1️⃣

"റായത്ത്‌, ലിവാഅ്" എന്നീ അറബി പദങ്ങളാണ്‌ പൊതുവെ പതാകയെ സൂചിപ്പിക്കുന്നത്‌. 
"റായത്ത്‌" എന്നതും "ലിവാഅ്" എന്നതും രണ്ട്‌ വ്യത്യസ്തങ്ങളായ പതാകകളെ അർത്ഥമാക്കുന്നു. ഖൈബർ യുദ്ധവേളയിലോ ഹുനൈൻ യുദ്ധവേളയിലോ ആണ്‌ തിരുമേനി (സ്വ.അ) സ്വഹാബത്തിന്‌ കൊടി നൽകിയതിനെ കുറിച്ച്‌ പ്രതിപാധിക്കുമ്പോൾ "റായത്ത്‌" എന്ന അറബി പദം "ലിവാഅ്" ൽ നിന്നു വ്യത്യസ്തമായി ഉപയോഗിച്ച്‌ കാണുന്നത്‌ എന്നാണ്‌ എന്റെ ഓർമ്മ.
വളരെ സിമ്പിളായി ഇതിനെ മനസ്സിലാക്കിവെക്കേണ്ടത്‌ "ലിവാ അ്"  എന്നാൽ നാം സാധാരണ ഉപയോഗിക്കാറുള്ള കൊടി എന്നും "റായത്ത്‌" വിദൂരത്തിൽ നിന്ന് പോലും കാണാവുന്ന വിധത്തിൽ ഉയർന്ന് കാണുന്നതുമായ "കൊടി" യുമാണ്‌. കൂടുതൽ വിശദീകരണങ്ങൾ പിന്നീട്‌ നൽകാം . ഇൻശാ അല്ലാഹ്‌.

ഇസ്‌ ലാമിക ചരിത്രത്തിൽ 'പതാകയ്ക്ക്‌' വലിയ സ്ഥാനമുണ്ട്‌. വ്യക്തമായ സന്ദേശമുണ്ട്‌. സുദൃഢമായ ഔന്നിത്യമുണ്ട്‌. പതാക 'ശി ആറാണ്‌', നേതൃത്വത്തെ ഉൾക്കൊള്ളുന്നതാണ്‌. അനുസരണയെ ആലിംഗനം ചെയ്യുന്നതാണ്‌. സംരക്ഷണത്തിന്റെ മുദ്രണമാണ്‌. തിരിച്ചറിയാനുള്ള അടയാളമാണ്‌. ശത്രുപക്ഷത്തിനുള്ള സന്ദേശവും മുന്നറിയിപ്പുമാണ്‌. അങ്ങനെ ഒരുപാടൊരുപാട്‌ പൊരുളുകൾ അടങ്ങിയതാണത്‌. 

ഖുറൈശികൾക്കിടയിൽ പതാകയുടെ ഔന്നിത്യം സ്ഥാപിച്ചെടുത്തത്‌ നബി (സ്വ അ) യുടെ പിതാമഹന്മാരിൽ ( അഞ്ചാമത്തെ പിതാമഹൻ) പ്രമുഖരായ ഖുസ്വയ്യ്‌ ബ്ൻ കിലാബ്‌ എന്നവരാണ്‌. 

 പ്രവാചകർ (സ്വ.അ) യുടെ കീഴിൽ രണ്ട്‌ നിറത്തിലുള്ള പതാകകൾ ആണ്‌ ഉണ്ടായിരുന്നത്‌. വെളുപ്പും, കറുപ്പും ( അബ്‌യള്‌, അസ്‌വദ്‌). അവിടുത്തെ (സ്വ.അ) ശേഷം വന്ന മൂന്ന് ഖലീഫമാരും (അബൂബകർ, ഉമർ, ഉസ്മാൻ (റ)) ഈ രണ്ട്‌ നിറത്തിലുള്ള പതാകകളാണ്‌ ഉപയോഗിച്ചിരുന്നത്‌. നാലാം ഖലീഫ (അലി (റ)) ഈ രണ്ട്‌ നിറത്തിലുമുള്ള പതാകകൾ നിലനിർത്തുന്നതോടൊപ്പം "മഞ്ഞ" (അസ്ഫർ) നിറത്തിലുള്ള പതാക കൂടി കൊണ്ട്‌ വന്നിട്ടുണ്ട്‌.

ബദ്‌ ർ യുദ്ധത്തിൽ നബി (സ്വ.അ) മൂന്ന് കൊടി നൽകിയിരിന്നതായും മനോഹരമായ സർഗ്ഗാത്മമികവിനാൽ മഹാകവി സാമ്രാട്ട്‌ മോയിൻ കുട്ടി വൈദ്യർ (ന.മ) തന്റെ പ്രസിദ്ധ "ഗസ്‌വത്ത്‌ ബദ്‌റുൽ കുബ്‌റാ" എന്ന പടപ്പാട്ടിൽ ഇങ്ങനെ വിവരിച്ചത്‌ കാണാം.

"ബദറുൽ ഹുദാ യാസീൻ 
അന്നബി ഖറജായ്‌ അന്നേരം
ബളർ 'കൊടി' മൂണ്ടെണ്ണം 
കെട്ടിടയതിലൊണ്ടെ
'അബ്‌യള്‌' വർണ്ണമതാം
പിൻ രണ്ടും 'അസ്‌വദുമാമേ'..."

ഒരു വെളുത്ത കൊടിയും രണ്ട്‌ കറുത്ത കൊടികളും. 
വെളുത്ത കൊടി മിസ്‌അബ്‌ ഇബ്ൻ ഉമൈർ (റ) ന്‌ നൽകി. ബദറിലും ഉഹുദിലും മുസ്‌അബ്‌ ഇബ്ൻ ഉമൈർ (റ) തന്നെയായിരുന്നു പതാക വാഹകൻ. 
സൈന്യത്തെ രണ്ട്‌ ഉപവിഭാഗങ്ങളാക്കിത്തിരിക്കാൻ രണ്ട്‌ കറുത്ത പതാകകളിൽ ഒന്ന് "ഉഖാബ്‌" എന്ന് പേരുള്ള കൊടി അലി ഇബ്ൻ അബൂത്വാലിബ്‌ (റ) നും മറ്റൊന്ന് സഅ്ദ്‌ ഇബ്ൻ മുആദ്‌ (റ) നും നൽകി അണിനിരത്തി. 
മൂന്ന് പേരും അന്ന് ചുറു ചുറുക്കുള്ള യുവാക്കളായിരുന്നു. 

ഉഹുദ്‌ യുദ്ധ രംഗം നമ്മൾ ഒന്ന് സൂക്ഷ്മ പരിശോധന നടത്തിയാൽ "പതാക" , കൊടി എന്നിവയുടെ ഇസ്‌ ലാമിക മാനം നമുക്ക്‌ കൃത്യമായി മനസ്സിലാക്കാൻ കഴിയും.

അക്കാലത്ത്‌ ഏറെ ക്ലേശം പിടിച്ചതും സാഹസികവുമായ ദൗത്യമായിരുന്നു പതാക വഹിക്കുക എന്നത്‌. ശത്രു സൈന്യം എപ്പോഴും ആദ്യം ഉന്നം വെക്കുക പതാക വാഹകരെയാണ്‌. അവരുടെ കൈയ്കളിലേന്തിയ കൊടി കീഴടക്കുക എന്നത്‌ യുദ്ധത്തിൽ ഏറെ നിർണ്ണായകമായ ഒരു ഘട്ടമാണ്‌. കൊടി നഷ്ടപ്പെടുന്നതോടെ തന്റെ സംഘത്തെ തിരിച്ചറിയാനുള്ള വഴികൾ അടയുകയും സംഘം രണാങ്കളത്തിൽ ശിഥിലമായിപ്പോവുകയും ചെയ്യും.

അത്‌ കൊണ്ടാണ്‌ ബദറിലെ ഇസ്ലാമിക പതാകവാഹകനായ മിസ്‌അബ്‌ ഇബ്ൻ ഉമൈർ (റ) വിനെ ശത്രുക്കൾ ടാർജ്ജറ്റ്‌ ചെയ്യപ്പെട്ടത്‌. ബദറിൽ കിട്ടാതിരുന്ന അവസരം ഉഹുദ്‌ യുദ്ധവേളയിലും അവർ അവസരം നോക്കി ടാർജ്ജറ്റ്‌ ചെയ്യപ്പെട്ടു. വളരെ ക്രൂരമായാണ്‌ പ്രവാചകർ (സ്വ.അ) യുടെ പതാക വാഹകനെ അവർ കൊലചെയ്തത്‌.

'മുഅ്തത്‌' യുദ്ധത്തിൽ ജഅ്ഫർ ഇബ്ൻ അബീത്വാലിബ്‌ (റ) നും ഉഹുദ്‌ യുദ്ധവേളയിലെ മിസ്‌അബ്‌ ഇബ്ൻ ഉമൈർ (റ) ന്റെ അതേ അനുഭവമാണ്‌ ചരിത്രത്തിൽ നമുക്ക്‌ വായിച്ചെടുക്കാൻ സാധിക്കുക.
ഏറ്റുമുട്ടലിൽ ആദ്യം വലത്‌ കൈയ്യിന്‌ വെട്ട്‌ കിട്ടുന്നു. ഇടനടി പതാക ഇടതു കൈയ്യിലേക്ക്‌ മാറ്റിപ്പിടിച്ച്‌ അടരാടുന്നു. ഇടത്‌ കൈയ്യും ഛേദിക്കപ്പെടുന്നു. അവസാനം അരക്കൈയ്‌ കൊണ്ട്‌ പതാക തന്റെ നെഞ്ചിലേക്ക്‌ ചേർത്ത്‌, ഉയർത്തിപ്പിടിച്ച്‌ കൊണ്ട്‌ രണാങ്കളത്തിൽ ധീര ശഹീദായി സ്വർഗ്ഗം പുൽകുമ്പോൾ മിസ്‌അബ്‌ ഇബ്ൻ ഉമൈർ (റ) ന്റെ അവസാന വാക്കുകളിൽ പ്രക്യാപിക്കപ്പെട്ട പ്രഖ്യാപനം  സ്ഥിരീകരിച്ച്‌ കൊണ്ട്‌ ഖുർആൻ വാക്യമായി തിരു നബി (സ്വ.അ) യ്ക്ക്‌ അവതരിപ്പിച്ച്‌ കൊടുക്കകയുണ്ടായതും (وما محمّد الّا رسول قد خلت من قبله الرسل ) കൂടെ ആ ധീര സ്വഹാബിയെ കുറിച്ച്‌ ഒരായത്ത്‌ കൂടി അവിടുത്തേക്ക്‌ ഇറക്കിക്കൊടുക്കുകയും ചെയ്തത്‌
 (من المؤمنين رجال صدقوا ما عاهدوا الله عليه فمنهم من قضى نحبه ومنهم من ينتظر وما بدّلوا تبديلا)
 താരീഖുകളിൽ നമുക്ക്‌ കാണാം. മുസ്‌ അബ്‌ ബിൻ ഉമൈർ (റ) ആദ്യകാലത്തെ ദാറിൽ അർ ഖമിൽ വെച്ച്‌ ഇസ്‌ ലാം പുൽകിയ സ്വഹാബികളിൽ പെട്ട "മക്കയിലെ പരിമളം" എന്ന് വിശേഷിപ്പിക്കപ്പെട്ട സുമുഖനായ ചെറുപ്പക്കാരനായിരുന്നു. മക്കയുടെ പുറത്ത്‌ ആദ്യമായി ഇസ്‌ ലാമിക പ്രബോധനത്തിനായി നിയോഗിക്കപ്പെട്ടതും ഈ സ്വഹാബിയെയാണ്‌. മദീനയിലേയ്ക്ക്‌. മദീനയിൽ പ്രവാചകർ (സ്വ.അ) എത്തുന്നതിനുമുമ്പ്‌ തന്നെ പ്രബോധകനായി മദീനയിലെ വീടു വീടാന്തരം കയറി ഇറങ്ങി ഇസ്‌ ലാമിന്റെ വെള്ളിവെളിച്ചം ഖുർ ആനിക അധ്യാപകനങ്ങളിലൂടെ പക്ര്ന്നു നൽകി മദീനിയിൻ വിശ്വാസത്തിന്‌ അടിത്തറപാകിയവരാണവിടുന്ന്. ആദ്യമായി ജുമു അ നിസ്കാരം പ്രവാചകർ (സ്വ.അ) യുടെ സമ്മദപ്രകാരം മദീനയിൽ സ അ്ദ്‌  ഖൈസം (റ) വിന്റെ വീട്ടിൽ ഒരുമിച്ച്‌ കൂട്ടപ്പെട്ട 12 വിശ്വാസികൾക്ക്‌ നേതൃത്വം കൊടുത്തതും ഈ യുവകോമളനായ സ്വഹാബിയായിരുന്നു.  ഭാഗ്യവാനായ സ്വഹാബി. 
ഉഹുദിന്റെ പോർക്കളത്തിൽ പതാക സംരക്ഷണത്തിന്റെ ഉദാത്ത മാതൃകപഠിപ്പിച്ച്‌ അവിടുന്ന് രക്തസാക്ഷിയായപ്പോൾ, അവസാനം പ്രവാചക സന്നിദിയിൽ കൊണ്ട്‌ വന്ന് ചോരയിൽ കുളിച്ച്‌ കൈയ്കൾ ഛേദിക്കപ്പെട്ട നിലയിൽ മുസ്‌അബ്‌ (റ) നെ കിടത്തിയപ്പോൾ, കഫൻ ചെയ്യാൻ വസ്ത്രം തികയാതെ വന്നപ്പോൾ, സങ്കടം അടക്കാൻ കഴിയാതെ തിരുനബി (സ്വ.അ) വിതുമ്പിക്കരഞ്ഞ ചുരുക്കം സന്ദർഭങ്ങളിൽ ഒന്നായ്‌ ചരിത്രത്തിൽ ആ രംഗം അടയാളപ്പെടുത്തപ്പെട്ടു. ആ രംഗം വാക്കുകളിൽ ചിത്രീകരിക്കാൻ ഒരാൾക്കും കഴിയില്ല... 
തിരുനബി (സ്വ.അ) ശറഫുറ്റ മുഖം കണ്ണീരിനാൽ ആലിംഗനം ചെയ്ത ആ മൂഖമാം അന്തരീക്ഷത്തെ അക്ഷരങ്ങളിൽ ഒതുക്കാൻ നോക്കിയാൽ കഴുമോ !!

   "മുഅ്തത്‌" യുദ്ധത്തിൽജഅ്ഫർ ഇബ്ൻ അബൂത്വാലിബ്‌ (റ) ന്റെ രക്തസാക്ഷിത്വ വേളയിൽ പ്രവാചകർ (സ്വ.അ) അങ്ങ്‌ ദൂരെ മദീനയിലെ മസ്ജിദുന്നബവിയിലെ നിസ്കാരവേളയിലായിരുന്നു.
ഇരു കരങ്ങളും നഷ്ടപ്പെട്ട്‌ രക്തസാക്ഷിയായ അവിടുത്തെ പിതൃവ്യപുത്രനെ രക്തം പുരണ്ട രണ്ട്‌ ചിറകുകൾ പകരം നൽകി സ്വർഗ്ഗലോകത്ത്‌ പാറിപ്പറക്കുന്ന കാഴ്ച്ച പടച്ച തമ്പുരാൻ കാണിച്ചു കൊടുത്തു...

പതാക വാഹകർ അർപ്പിച്ച അർപ്പണബോധവും വിശ്വസ്തതയും തളിരിടുന്ന സമാനമായ ഒരുപാട്‌ ചരിത്രസാക്ഷ്യങ്ങൾ ഇനിയും ഒരുപാട്‌ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. 

അത്ര സാഹസികമാണെന്നറിഞ്ഞിട്ടും അവർ ഏറ്റെടുത്ത ആ ദൗത്യം നിറവേറ്റാനെടുത്ത ധൈര്യവും സ്ഥൈര്യവും പതാകയോടുള്ള ബഹുമാനവും നാം ഇനിയും ആഴത്തിൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

പതാകയുടെ ഔന്നിത്വത്തിന്‌ വേണ്ടി സ്വജീവൻ നൽകി സംരക്ഷണ കവചമൊരുക്കിയ സ്വഹാബത്തിൽ നിന്ന് നാം പഠിക്കണം... പാഠങ്ങളുടെ അടിസ്താനം തിരു ചര്യയും അവിടുത്തെ നക്ഷത്ര തുല്യരായ സഹാബത്തും ആണെന്നതിൽ ആർക്കും ഒരു മുസ്‌ലിമിനും എതിർ ശബ്ദമുണ്ടാവുകയില്ലല്ലോ...
അവർക്ക്‌ വേണമെങ്കിൽ പതാക ഉപേക്ഷിച്ച്‌ രക്ഷപ്പെടാമായിരുന്നു.. വലതു കൈയ്‌ അറ്റ്‌ പോവുമ്പോൾ ആ കയ്യിലുണ്ടായിരുന്ന പതാക ഉപേക്ഷിച്ച്‌ മറുകയ്യിൽ വാളുമേന്തി പ്രതിരോധിക്കാമായിരുന്നു. പകരം അവർ ആ കൊടിയുടെ പതനം ആഗ്രഹിച്ചിരുന്നില്ലെന്നും കൊടി ഉയർത്തിപ്പിടിച്ച്‌ കൊണ്ട്‌ തന്നെ ശഹാദത്‌ കലിമ ഉച്ചരിച്ച്‌ അവർ ജീവൻ നൽകിയത്‌ സമുദായത്തിന്റെ ഏറ്റവും വലിയ 'ശിആർ' ആയ കൊടി സംരക്ഷിക്കാൻ വേണ്ടിയായിരുന്നു.
കൊടി സമുദായത്തിന്റെ ഐഡന്റിറ്റിയാണ്‌.

ഇസ്‌ ലാമിക ചര്യയിൽ ഒരു നേതാവിനു കൊടുക്കേണ്ട എല്ലാ ബഹുമാനാദരവുകളും ഇസ്‌ ലാമിക പതാകകൾക്കും ചിഹ്നങ്ങൾക്കും നൽകണം. 

പ്രവാചകർ (സ്വ.അ) യുടെ കാലത്തെ കൊടികളേയും കൊടികൾ നൽകപ്പെട്ടവരെയും പതാക വഹിച്ചിരുന്നവരെയും കുറിച്ച്‌ ചരിത്രകിതാബുകളിൽ നിന്ന് വായിച്ചറിഞ്ഞവ കൂടി പങ്കുവെയ്ക്കാം.

1. ഹിജ്‌റയുടെ 7ആം മാസമാണ്‌ ആദ്യമായി 'ലിവാഅ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊടി നൽകപ്പെടുന്നത്‌. ഹംസത്‌ ഇബ്ൻ അബ്ദുൽ മുത്വലിബ്‌ (റ) നാണ്‌ തിരുനബി (സ്വ.അ) പതാക  ഏൽപ്പിക്കുന്നത്‌. ഈ ദൗത്യസംഘത്തിന്റെ പതാക വഹിച്ചിരുന്നത്‌ അബൂ മുർസ്സദുൽ ഗൻവീ (റ) ആയിരുന്നു. 
കൊടിയുടെ നിറം വെള്ള.
ഇതാണ്‌ ഇസ്‌ ലാമിലെ ആദ്യത്തെ പതാക (ലിവാഅ്)

2. ഹിജ്‌റയുടെ 1 ആം വർഷം മറ്റൊരു ദൗത്യസംഘത്തെ തിരുനബി (സ്വ.അ) അയക്കുന്നുണ്ട്‌. ഇതിന്റെ നേതൃത്വം ഉബൈദത്ത്‌ ബിൻ ഹാരിസ്‌ ബിൻ അബ്ദുൽ മുത്ത്വലിബ്‌ (റ) വിനായിരുന്നു. പതാക വാഹകൻ മിസ്ഥഹ്‌ ബിൻ അസാസ (റ). 
കൊടി നിറം വെള്ള.

3. ഇതേ വർഷം മറ്റൊരു ദൗത്യ സംഘം സഅ്ദ്‌ ബിൻ അബീവഖാസ്‌ (റ) ന്റെ നേതൃത്വത്തിൽ തിരു നബി (സ്വ.അ) അയച്ചു. പതാക വാഹകൻ മിഖ്ദാദ്‌ ബിൻ അസ്‌വദ്‌ (റ)

4. ഹിജ്‌റ 2ആം വർഷം തിരുനബി (സ്വ.അ) ആദ്യമായി നേരിട്ട്‌ സ്വഹാബത്തിനൊപ്പം പങ്കെടെത്ത്‌ നേതൃത്വം നൽകിയ  "ഗസ്‌ വത്ത്‌ ദുൽ ഉശൈറ" യുദ്ദത്തിൽ (യുദ്ദം യതാർത്ഥത്തിൽ നടന്നിട്ടില്ല. സൈനിക നീക്കം എന്ന നിലക്കാണ്‌ ഇത്‌ എണ്ണപ്പെടുന്നത്‌) നബി തിരുമേനി (സ്വ.അ) പങ്കെടുത്ത ആദ്യത്തെ ഈ സൈനിക നീക്കത്തിൽ പതാക വഹിച്ചിരുന്നത്‌ ഹംസത്‌ ബിൻ അബ്ദുൽ മുത്ത്വലിബ്‌ (റ) ആയിരുന്നു.
കൊടി നിറം വെള്ള.

5. ഇതേ വർഷം വീണ്ടും നബി (സ്വ.അ) യുടെ നേതൃത്വത്തിൽ വാദി സഫ്‌വാൻ വരെ നീങ്ങിയ സൈനിക നീക്കത്തിൽ പതാക വാഹകൻ അലി ബിൻ അബൂത്ഥ്വാലിബ്‌ (റ) ആയിരുന്നു.
കൊടിയുടെ നിറം വെളുപ്പ്‌.

6. ബദ്‌ർ യുദ്ദത്തിൽ പതാക വാഹകൻ മിസ്‌അബ്‌ ബിൻ ഉമൈർ (റ) ആയിരുന്നു. ഇസ്‌ ലാമിക ചരിത്രത്തിലെ ആദ്യ സംഘട്ടനമാണ്‌ ബദ്‌ ർ. അത്‌ കൊണ്ട്‌ തന്നെ ആദ്യ പോരാട്ടഭൂമിയിലെ പതാകവാഹകൻ എന്ന വിശേഷണം മുസ്‌ അബ്‌ (റ) വിനുള്ളതാണ്‌.

കൊടിനിറം വെള്ള. 

7. ബദ്‌ റിൽ ഇരു സ്വഫുകളായി തിരിച്ച്‌ അതിൽ ഓരോന്നിനും ഓരോ നേതാവായി മുഹാജിറുകളുടേത്‌ അലി ബ്ൻ അബൂത്വാലിബും (റ) അൻസാരികളുടേത്‌ സഅ്ദ്‌ ബ്ൻ മുആദ്‌ (റ) വും ആയിരുന്നു.
ആ രണ്ട്‌ കൊടികളുടെ നിറം കറുപ്പ്‌.
അലി (റ) വഹിച്ച പതാക "ഉഖാബ്‌" എന്ന് പറയപ്പെടുന്നു. ഉമ്മുൽ മുഅ്മിനീൻ ആയിഷാ ബീവി (റ) യുടെ തലയിലണിഞ്ഞിരുന്ന തുണി ഉപയോഗിച്ചാണ്‌ "ഉഖാബ്‌" എന്ന ഈ കൊടി നിർമ്മിച്ചത്‌ എന്ന് പലരും രേഖപ്പെടുത്തിയതായും കാണുന്നു.

8. ഉഹുദ്‌ യുദ്ദത്തിൽ പതാക വാഹകൻ മിസ്‌അബ്‌ ബിൻ ഉമൈർ (റ) ആയിരുന്നു. 

കൊടിയുടെ നിറം വെള്ള.

ഖൈബർ, സൈദ്‌ ബിൻ ഹാരിസ (റ) ന്റെ നേതൃത്വത്തിൽ മുഅ്തത്‌ യുദ്ദം തുടങ്ങിയവയിലൊക്കെ വെള്ള കൊടികൾ ഉപയോഗിച്ചിരുന്നു.
ഖൈബർ, ഗസ്‌വത്‌ ഹവാസിൻ, സരിയ്യത്‌ സലാസിൽ, സരിയത്‌ ഫുൽസ്‌ തുടങ്ങിയവയിൽ കറുത്ത കൊടികൾ കൂടി സ്വഹാബികൾ ഉപയോഗിച്ചിട്ടുണ്ട്‌.

(തുടരും )
ഇൻ ശാ അല്ലാഹ്

🖊️
തഖിയ്യുദ്ധീൻ അലി സി എച്ച്‌
കിൽത്താൻ

Share on Google Plus

About SNT

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക