ത്വറഫൽ ആലം മൗലിദ്‌ (ത്വറബൽ ആലം മൗലിദ്‌) -പ്രവാചകാനുരാഗത്തിന്റെ വശ്യമനോഹാരിത




🖊️
*തഖിയ്യുദ്ധീൻ അലി സി എച്ച്‌*
കിൽത്താൻ
(19-09-2024)

1️⃣


ഒരു കാലത്ത്‌ വടക്കൻ ദ്വീപുകളിൽ ഏറെ പ്രചാരത്തിലുള്ള മൗലിദുകളിൽ ഒന്നാണ്‌ "ത്വറബൽ ആലം" മൗലിദ്‌. ഇന്നും പല വീടുകളിലും പള്ളികളിലും ഇത്‌ ഓതിവരാറുണ്ട്‌. നേർച്ച മൗലിദായി പണ്ട്‌ കാലങ്ങളിൽ കൂടുതൽ ഓതിവന്നിരുന്ന മൗലിദാണിത്‌.

പ്രവാചക പ്രകീർത്തനങ്ങളിൽ ശക്തമായ ശൈലി വിന്യാസവും ആശയ ഗാംഭീര്യവും പ്രതിപാതന ചാരുതയും അകം തുറന്ന മദ്‌ ഹിന്റെ മധുരമനോഹരാക്ഷരങ്ങൾ അടുക്കിവെച്ചത്‌ ഓതിനോക്കുമ്പോൾ പ്രണയോന്മാദത്തിന്റെ അത്യൂന്നതങ്ങളിൽ നാം സ്വയമറിയാതെ ലയിച്ച്‌ പോവും. 

പ്രവാചക സ്നേഹിയെ സംബന്ധിച്ചിടത്തോളം വല്ലാത്തൊരു ആനന്ദമാണ്‌ "ത്വറഫൽ ആലം" മൗലിദ്‌. 'ത്വറഫൽ ആലം' പ്രാപഞ്ചികതയുടെ അറ്റമായവരെ വെച്ച്‌ നീട്ടിയ അല്ലാഹുവിന്‌ സ്ത്രോത്രങ്ങൾ സമർപ്പിച്ച്‌ കൊണ്ട്‌, പ്രസന്ന മുഖഭാവുകത്വത്തിന്റെ ജന്മം കൊണ്ട്‌ മനുഷ്യകുലത്തെ ആദരിക്കുകയും ശ്രേഷ്ടവൽക്കരിക്കുകയും ചെയ്തവന്‌ കൃതജ്ഞത ചെയ്ത്‌ കൊണ്ട്‌ ആരംഭിക്കുന്ന മൗലിദിൽ ഒരിടത്ത്‌ "ത്വറബൽ ആലം" എന്ന് തിരുപ്രകാശത്തെ വിശേഷിപ്പിക്കുമ്പോൾ രോമകൂപങ്ങൾ കുളിരണിയിച്ച്‌ 'ത്വറബൽ ആലം' (പ്രപഞ്ചാനന്ദം) നമ്മെ 'ആനന്ദപൂരകമാക്കുന്നു'. തിരു പ്രകാശത്തിന്റെ ഭൂമിലോകത്തേയ്ക്കുള്ള സഞ്ചാരങ്ങളെ ഇത്രമേൽ പ്രണയാതുരമായ ആനന്ദമാക്കുന്ന വേറെ ഒന്നുണ്ടോ?!!

കായൽ പട്ടണത്തെ മരൈക്കാർ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന വിശ്രുത സൂഫി വര്യനാണ്‌ ശൈഖ്‌ സുലൈമാൻ ഖാഹിരി (ഖു സി). ഖലീഫാ അബൂബകർ സ്വിദ്ധീഖ്‌ (റ) ന്റെ വംശപരമ്പരയിൽപ്പെട്ടവരാണവർ. ശംസുദ്ദീൻ ഖാഹിരിയുടെ (ഖു സി) പ്രധാന ശിഷ്യനാണ്‌ അവിടുന്ന്. ശൈഖ്‌ സുലൈമാൻ ഖാഹിരിക്ക്‌ 5 ആണ്മക്കളുണ്ട്‌. അഹ്മദ്‌ മുഹിയുദ്ദീൻ, ശംസുദ്ദീൻ, സ്വദഖതുല്ലാഹിൽ ഖാഹിരി, ശിഹാബുദ്ദീൻ ഖാഹിരി, സ്വലാഹുദ്ദീൻ ഖാഹിരി. ഇവർ അഞ്ച്‌ പേരും വലിയ സൂഫികളും പണ്ഡിതന്മാരുമാണ്‌. മഹാനായ പിതാവിന്റെ മഹത്തുക്കളായ "പഞ്ച നക്ഷത്രങ്ങൾ" !!

ഇവരിൽ സദഖതുല്ലാഹിൽ ഖാഹിരിയെ (ഖു സി) നാം അറിയും. മുഹിയുദ്ദീൻ ശൈഖിന്റെ പേരിലുള്ള ഖുതുബിയ്യത്ത്‌ അവിടുത്തെ രചനയാണ്‌. കായൽപട്ടണത്തെ മീകായിൽ പള്ളിയുടെ ചരിത്രം നാം പലപ്പോഴായി കേട്ടിട്ടുണ്ടാവും.  (ആവശ്യമെങ്കിൽ പിന്നീടൊരിക്കൽ വിവരിക്കാം. ഇൻ ശാ അല്ലാഹ്‌) മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ഔദ്യോഗിക മുഫ്തികളിൽ ഒരാളായിരുന്നു സദഖത്തുല്ലാഹിൽ ഖാഹിരി (ഖു.സി). കോഴിക്കോട്ടെ മുച്ചൂന്തിപള്ളിയിൽ അവിടുന്ന് ദർസ്സ്‌ നടത്തിയിട്ടുണ്ട്‌ എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്‌ (plz cross check). ഇദ്ദേഹത്തിന്റെ മകൻ മുഹമ്മദ്‌ ലബ്ബ ഖാഹിരി (ഖു സി) ആണ്‌ "മീസാൻ" "അജ്നാസ്‌" എന്നീ അറബി വ്യാകരണത്തിൽ നാം ദർസ്സുകളിൽ ഓതിവരാറുള്ള കിതാബുകൾ  രചിച്ചിരിക്കുന്നത്‌. കീളക്കരയിലാണ്‌ സദഖത്തുല്ലാഹിൽ ഖാഹിരിയുടെ (ഖു.സി) മഖ്ബറ.
ശൈഖ്‌ സുലൈമാന്റെ (ഖു സി) മൂത്തമകൻ അഹ്മദ്‌ മുഹിയുദ്ദീൻ (ഖു.സി) വലിയ്യും മുറബ്ബിയായ ശൈഖുമായിരുന്നു. ജിന്നുകൾക്ക്‌ ക്ലാസെടുത്ത്‌ കൊടുക്കാറുണ്ടായിരുന്നു.
മറ്റൊരു മകൻ ശിഹാബുദ്ദീൻ (ഖു സി) അറബിയിൽ ഇരുത്തം വന്ന കവിയും പണ്ഡിതനും ദാർശ്ശനികനുമായിരുന്നു.

ഇവരിൽ ഏറ്റവും ഇളയവനും പ്രായം കൊണ്ട്‌ വളരെ ചെറുപ്പവുമായിരുന്നു  സലാഹുദ്ദീൻ ഖാഹിരി (ഖു സി) (ഹിജ്‌ റ 1051-1098). 
എങ്കിലും അറിവ്‌ കൊണ്ടും കഴിവ്‌ കൊണ്ടും തങ്ങളേക്കാളൊക്കെ ഏറ്റവും ഉയർന്നവനാണ്‌ തന്റെ കൊച്ചനുജൻ സ്വലാഹുദ്ദീൻ എന്ന് സദഖതുല്ലാഹിൽ ഖാഹിരി (ഖു. സി) രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ സാക്ഷിമൊഴിക്കപ്പുറം  അവിടുത്തെ മഹത്വം പറയേണ്ടതില്ലല്ലോ. കലക്കാട്‌ ഏർവ്വാടിയിലാണ്‌ അവിടുന്ന് അന്ത്യവിശ്രമം കൊള്ളുന്നത്‌.

ഈ സലാഹുദ്ദീൻ ഖാഹിരി (ഖു സി) ആണ്‌ "ത്വറഫൽ ആലം" മൗലിദിന്റെ രചയിതാവ്‌.
അത്‌ അവിടുന്ന് തന്നെ മൗലിദിന്റെ അവസാനത്തെ ബൈത്തിലൂടെ സൂചിപ്പിച്ചിട്ടുണ്ട്‌.

"وعلي ذى العبد صلاح الدين نسل سليمان فاها "
ഈ വരി ഓതുമ്പോഴൊക്കെ ആലോചിക്കും ആരാണീ സ്വലാഹുദ്ദീൻ എന്ന്. ഒരുപാട്‌ വർഷത്തെ അന്വേഷണത്തിനൊടുവിൽ ആ സ്വലാഹുദ്ദീന്റെ വശ്യമനോഹര വരികളിൽ ആകൃഷ്ടനായി തേടി തേടി ക്കൊണ്ടിരിക്കെ ആ പുണ്യാത്മാവിലേയ്ക്ക്‌ ചെന്നെത്തിയത്‌ യാതൃശ്ചികമായിട്ടാണ്‌. അൽ ഹംദുലില്ലാഹ്‌. സ്വലാഹുദ്ദീൻ എന്ന കാവ്യവും അവിടുന്ന് രചിച്ചിട്ടിണ്ട്‌. 

അവിടുത്തെ മൗലിദിലെ വരികൾ ആരെയും ആകർഷിപ്പിക്കുന്നതാണ്‌. പല പല ഇടങ്ങളിലായി  മൗലിദിൽ ഇടയ്ക്കിടെ അവിടുന്ന് ഓർമ്മിപ്പിക്കാറുണ്ട്‌.
"തിരുനബി (സ്വ.അ) നിങ്ങളുടെ വീട്ടിലും വരും. നിങ്ങൾ വീടുകൾ അലങ്കരിക്കുക, വിളക്കുകൾ തെളിയിക്കുക, ചീരണി ഉണ്ടാക്കുക, ബന്ധുക്കളെല്ലാം ഒത്തുകൂടി മൗലിദ്‌ പാരായണം ചെയ്യുക. ഉറപ്പായും തിരുദൂതർ (സ്വ.അ) നിങ്ങളുടെ അതിഥിയായി വരും".
ഇത്ര ഉറപ്പോടെ പലകുറി നമ്മെ ഉണർത്താൻ അവിടുന്ന് കാണിച്ച ഉത്സുകത തിരുസാന്നിദ്യത്തിന്റെ പ്രേമപ്പൊരുളുകളിലേയ്ക്ക്‌ നമ്മെ ഏറെ ചിന്തിപ്പിക്കുന്നു. 
"ഇന്നനീ അന മാദിഹു ത്വാഹാ..." തീർച്ചയായും ഞാൻ ത്വാഹാ റസൂൽ (സ്വ.അ) യുടെ മാദിഹാണെന്ന് അർത്ഥശങ്കൈയ്ക്കിടയില്ലാതെ അവിടുന്ന് മൗലിദിനിടയിൽ പ്രഖ്യാപിക്കുന്നുണ്ട്‌. (1218 ബൈത്തുകൾ അബൂബകറിൽ ബഗ്ദാദി (റ) ന്റെ വിത്‌ രിയ്യയ്ക്ക്‌ 1218 ബൈത്തുകൾ ഉപയോഗിച്ച്‌ കൊണ്ട്‌ അവിടുന്ന് രചിച്ച "തശ്‌ ത്വീറുൽ ഖസ്വീദത്തിൽ വിത്‌ രിയ്യ" യിൽ നിന്നുള്ള ഈ വരികൾ അവിടുന്ന് തന്റെ മൗലിദിൽ ഉൾപ്പെടുത്തിയതാണിത്‌).

പ്രവാചകപ്രകീർത്തനങ്ങളുടെ പ്രാസശോഭയാൽ കാവ്യം ചേതോഹരമാക്കി അനുരാഗ ജന്യമായ ദിവ്യാനുഭൂതികൾ ഉൾവഹിക്കാനാവതെ തിരുപ്പിറവി വിശദീകരിക്കുന്നതിനിടെ മദീനയുടെ രാജകുമാരന്റെ ചാരത്ത്‌ ചെന്ന് നിൽക്കുന്നുണ്ട്‌ അവിടുന്ന്. തൃക്കാഴ്ചകൾ ചോദിക്കുന്നുണ്ട്‌. തിരു നൂറിന്റെ സുന്ദരമുഖപ്രസന്നതയ്ക്ക്‌ മുമ്പിൽ "അരുണ" പ്രകാശം മങ്ങിപ്പോവുന്നതും ചന്ദ്ര നക്ഷത്രങ്ങളൊക്കെ അവിടുത്തെ തിളക്കത്തിൽ ഒളിമങ്ങിപ്പോവുന്നതും അവിടുന്ന് അത്ഭുതസന്തോഷത്തോടെ വിളിച്ച്‌ പറയുന്നുണ്ട്‌... യൂസുഫ്‌ നബി (അ) ന്റെ സൗന്ദര്യം എന്റെ ഹബീബിന്റെ (സ്വ.അ) യുടെ സൗന്ദര്യത്തിന്റെ പകുതിമാത്രമെ ഉണ്ടായിരുന്നുള്ളു എന്ന് കൈയ്മുറിച്ച്‌ പോയ തരുണീമണികളോട്‌ അവിടുന്ന് വിവരിച്ച്‌ കൊടുക്കുന്നുണ്ട്‌.

പ്രവാചക സ്പർശ്ശനമേറ്റിടങ്ങളെല്ലാം പുളകിതവും ബഹുമാനിതവുമാണെന്ന് ഓരോന്നോരോന്ന് എടുത്ത്‌ എണ്ണിയെണ്ണി അവിടുന്ന് നിരത്തുന്നുണ്ട്‌.
നൂർ നൂറായി ഉദിക്കുന്നതും പരിശുദ്ദപരമ്പരയിലൂടെ ആമിനാ ബീവി (റ) ന്റെ ഗർഭാഷയത്തിൽ നിക്ഷേപിക്കപ്പെട്ടതും, ഗർഭകാല സംഭവങ്ങളും, തിരുപ്പിറവിയിലെ അത്ഭുതങ്ങളും അനുഭൂതികളും അത്ഭുതാവഹമായ രീതിയിൽ അവിടുന്ന് അടയാളപ്പെടുത്തുന്നുണ്ട്‌.

"തിഹാമ" (മക്ക) യിൽ പ്രവാചകപ്പിറവിയുടെ പ്രോജ്വലപ്രഭയിൽ ഖിസ്‌ റയുടെ കൊട്ടാരം ആമിനാബീവി കണ്ടതും "ഖത്തസമ്മാ മുഹമ്മദൻ അഹ്മാദ" എന്ന് അബ്ദുൽ മുത്വലിബ്‌ കഅബയിൽ ചെന്ന് പൊന്നോമനയ്ക്ക്‌ പേരിടുന്നതും അങ്ങനെ അങ്ങനെ തിരുപ്പിറവിയുടെ വിശദവിവരണങ്ങൾ വശീകരണ ശക്തിയുള്ള രചനാവൈഭവത്താൽ കോർത്തിണക്കപ്പെട്ട മൗലിദിനെ കുറിച്ച്‌ എഴുതിയാലും വർണ്ണിച്ചാലും തീരാത്തത്ര ചന്ദം മുന്തിയ സൗഗന്ധികയാണ്‌ അവിടുന്ന് രചിക്കപ്പെട്ട ഈ മൗലിദ്‌.

ആശയ വിസ്മയങ്ങളുടെ വേലിയേറ്റങ്ങൾ ശൈഖവർ കൾ തന്റെ മൗലിദിൽ ആവർത്തിക്കുന്നത്‌ കാണാം.. "ത്വീബ ത്വൈബതൻ ഇൻ തശറ, മക്കത്തുൻ ബിഹി ശറുഫത്‌, വ ശംസുന്നഹാരി വ ബദ്‌ റുല്ലയാലി യഗീബാനി... " തുടങ്ങി ഒരുപാട്‌ ആശയ വിസ്മയങ്ങൾ സാഹിത്യത്തിൽ കടഞ്ഞെടുത്ത വജ്രശോഭിത വശ്യമനോഹരമായ പദാന്തരങ്ങളാൽ പലകുറി ആവർത്തിക്കുന്നുണ്ട്‌. മദീനയുടെ രാജകുമാരനോടുള്ള അടങ്ങാത്ത അനുരാഗത്തിന്റെ ആഴങ്ങളിൽ മുങ്ങി വിരാചിക്കുമ്പോൾ  ആവർത്തനങ്ങൾ ആസ്വാദന മൂർച്ചയുടെ ആരാമങ്ങളിലേയ്ക്ക്‌ വലിച്ചടിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഒരിക്കലും വിരസമായി തോന്നുകയേയില്ലാ... 
ഹൃദയ പരതയുടെ നിലയ്ക്കാത്ത ബഹിസ്ഫുരണങ്ങൾ അർത്ഥസമ്പൂർണ്ണതയും ഗ്രാഹ്യവുമാവണമെങ്കിൽ മദീനയുടെ തിരു ഖുബ്ബയെ സ്വന്തം ആത്മഭിത്തിയിൽ പ്രതിഷ്ടിച്ച്‌ "ത്വർ റഫൽ ആലം" മൗലിദിലൂടെ മനസ്സും ശരീരവും യാത്രപോവണം.. ഹൗ.. വല്ലാത്തൊരു അനുഭൂതിയാണത്‌.
 
മൗലിദിൽ ശൈഖ്‌ സ്വലാഹുദ്ദീൻ (ഖു സി) തിരുനബിയെ സ്ഥിരമായി സ്വപ്നം കാണാറുണ്ട്‌ എന്ന് വളരെ രഹസ്യമായി സൂചിപ്പിക്കുന്ന വരികൾ അനുരാഗപ്രണയ വിവരണങ്ങൾക്കിടെ അവിടുന്ന് പുറത്ത്‌ വിടുന്നുണ്ട്‌

" യാ ഉമ്മ ഖൈരി ഹബീബീ
ഫാറഖ്‌ തുഹു ബി നജീബി
ഇദ്‌ ത അ്ദനീ  അൻ അ ഊദ
ലി റു അ് യതീ ലിഹബീ ബി ... 

ഇല്ലാ  ഫഹാ അന മയ്യിത്തുൻ
ഫ അഞ്ചിദൂ ലി സ്വബീബി"

"ആമിനാ ബീവി (റ) യോട്‌ അവിടുത്തെ പ്രിയപുത്രനെ അവിടുത്തെ കൂട്ടുകാരനിലേയ്ക്ക്‌ മടക്കി അയക്കാൻ ആവശ്യപ്പെട്ട്‌ കൊണ്ട്‌, സ്വപ്നത്തിൽ ആ കൂട്ടുകാരൻ വരാതിരിക്കുമ്പോൾ താൻ കേവലം നിർജ്ജീവമായ മയ്യിത്ത്‌ പോലെയായിപ്പോവുന്നു" എന്ന്
വളരെ വേദനയോടെ ആവശ്യപ്പെടുന്നത്‌ കാണാം.
എവിടെ വെച്ചോ അവിടുത്തെ സ്വപ്നദർശ്ശനം മുടങ്ങിപ്പോയതിന്റെ വേദനാജനകമായ അവസ്ഥയിൽ വിതുമ്പുന്ന മഹാൻ പ്രേമഭാജനം തന്റെ സ്വപനങ്ങളിൽ വീണ്ടും തുടരെത്തുടരെ ആലിംഗനം ചെയ്യാൻ അയക്കാൻ ആവശ്യപ്പെടുന്നത്‌ കേവലം കവിഭാവനകൾക്കപ്പുറം യതാർത്ഥ ആശിഖിന്റെ മനോവ്യഥയാണെന്ന് ആശിഖീങ്ങൾക്ക്‌ പെട്ടെന്ന് മനസ്സിലാവും.


ദ്വീപിടയിൽ ഈ മൗലിദിനോടുള്ള സമീപനം മറ്റ്‌ മൗലിദുകളെ അപേക്ഷിച്ച്‌ വളരെ വ്യത്യസ്തമാണ്‌. ഇത്‌ പഠിപ്പിക്കാനും പഠിക്കാനും പ്രത്യേകമായ അനുകമ്പ മുൻ തലമുറ സ്വീകരിച്ചിരുന്നു.
പ്രവാചകാനുരാഗത്തിന്റെ ഗദ്യ-പദ്യ സമന്വയങ്ങളിലൂടെ ആശിഖീങ്ങളെ മദോന്മുത്തരാക്കുന്ന രചനാവൈഭവം ആസ്വാദനങ്ങൾക്കുമപ്പുറം തിരു നബി (സ്വ.അ) യുടെ സാമീപ്യം അനുഭവിക്കും പോലെയുള്ള അനുഭൂതി നൽകുന്നവയാണ്‌..
അതുകൊണ്ട്‌ തന്നെ ഇത്‌ പഠിപ്പിക്കാൻ മുൻ തലമുറ പ്രത്യേകം ശ്രദ്ദചെലുത്തി. അമ്പതിലധികം വരുന്ന ബൈത്തുകൾക്ക്‌ പല വ്യത്യസ്ത ജവാബുകൾ രചിക്കാനും അത്‌ പരിശീലിപ്പിക്കാനും മുൻ കഴിഞ്ഞ മഹത്തുക്കളായ പണ്ഡിത സൂഫിവര്യന്മാർ പ്രത്യേകം സമയം കണ്ടെത്തിയിരുന്നു.  അച്ചടിയില്ലാത്ത അന്നത്തെ കാലത്ത്‌ അവർ ഒരുപാട്‌ കൈയ്പ്പകർപ്പുകൾ എഴുതി വീടായ വീടുകളിലൊക്കെ ഇത്‌ പാരായണം ചെയ്യിപ്പിച്ചിരുന്നു.

ഒരുപാട്‌ സമയം നീണ്ട്‌ നിൽക്കുന്ന ഈ മൗലിദ്‌ പണ്ട്‌  ഇശാ നിസ്കാരാനന്തരം തുടങ്ങി സുബ്‌ഹി ബാങ്കോളം നീണ്ടു നിൽക്കാറുണ്ടായിരുന്നു. മടുപ്പില്ലാതെ അത്രയും ദീർഗ്ഗമായ സമയം തുടക്കത്തിലുള്ള അതേ ഊർജ്ജത്തോടെ അവസാനം വരെ  അവർന്നിലനിർത്തിപ്പോരണമെങ്കിൽ ഈ മൗലിദിന്റെ വശ്യത ഒന്ന് ആലോജിച്ചുനോക്കൂ...!

തിക്കിറിന്റെ ബൈത്തുകളിൽ ഈ മൗലിദിലെ ഈരടികൾ സ്ഥാനം പിടിച്ചിട്ടുണ്ട്‌

"ലഖദ്‌ വുലിദ അന്നബിയ്യു ഖുതിൻ.."
"ഫ ഇൻ തഹ്‌ വല്ലദീ അൻ ശാ..."
" ത്വീബു ത്വൈബതൻ തശറാ..."
"ഫലമ്മാ ജാ അ ..." 
തുടങ്ങി ഒട്ടനവദി അവിടുത്തെ വരികൾ ജനമനസ്സുകളിൽ ആഴത്തിൽ പതിഞ്ഞവയാണ്‌.
റബീ ഉൽ അവ്വലിലെ ജാഥയിലും അവിടുത്തെ പല വരികളും സ്വാധീനം നേടിയിട്ടുണ്ട്‌ 
"കുല്ലുസ്സുറൂരി.." പോലെ...

വടക്കൻ ദ്വീപുകളിൽ അവിടുത്തോട്‌ ചേർന്ന് നിൽക്കുന്ന ആരോ പണ്ഡിത സൂഫികൾ ജീവിച്ചിരുന്നിട്ടുണ്ട്‌. അല്ലെങ്കിൽ ഇത്രത്തോളം വീട്‌ വീടാന്തരങ്ങളിലെ ജനസമൂഹത്തിനിടയിൽ ഇത്രയേറെ സ്വാധീനം ചെലുത്താൻ കഴിയില്ലല്ലോ. അന്വേഷണത്തിലാണ്‌. ഇൻ ശാ അല്ലാഹ്‌.

ബലിയ ഇല്ലം അഹ്മദ്‌ മുസ്‌ ലിയാർ (ഖു.സി) , പള്ളിത്തിത്തിയോട അഹ്മദ്‌ നഖ്ശബന്ദി (ഖു സി) , ചൂളത്തിയോട അഹ്മദ്‌ മുസ്‌ ലിയാർ (ഖു സി) ,മൈദാനപ്പുര യൂസുഫ്‌ മുസ്‌ ലിയാർ (ഖു സി) , ബിരിയം തിത്തിയോട ഖാസിം മുസ്‌ ലിയാർ (ഖു സി) , റഹീം കുട്ടി ഇബ്ൻ ആലി മുഹമ്മദ്‌ (ന.മ) , ഖാളി കുമ്പുപുര സിറാജ്‌ കോയാ മുസ്‌ ലിയാർ (ന.മ) തുടങ്ങിയ അറിയപ്പെട്ട പണ്ഡിത മഹത്തുക്കളെല്ലാം ഈ നാട്ടിലും മറുനാടുകളിലും ഈ മൗലിദിന്റെ പ്രചുരപ്രചാരണം നടത്തിയവരും ഈ മൗലിദ്‌ പകർത്തി എഴുതി കൈമാറിയവരും ജവാബുകൾ പഠിപ്പിച്ചവരും എഴുതി പരിശീലിപ്പിച്ചവരുമായിരുന്നു..
ഇന്നും പലരുടെ കയ്യിലും ഇവർ പകർത്തി എഴുതിയ "ത്വർറഫൽ ആലം മൗലിദ്‌" സൂക്ഷിച്ചിരിപ്പുണ്ട്‌. 
അവരെല്ലാം ആവേശത്തോടെ ശീലിപ്പിച്ച മൗലിദ്‌ ഇന്ന് വീടുകളിൽ നിന്ന് അന്യം നിന്നിരിക്കുന്നു. ചെറിയപൊന്നാനിയാക്കി മാറ്റിയ പണ്ഡിതവരേണ്യരുടെ മാതൃകകൾ പിൻപറ്റാൻ വൈമനസ്യം കാണിക്കുന്നവരായി നാം കൂപ്പു കുത്തിയിരിക്കുന്നു.

ഇന്ന് ആർക്കും സമയമില്ല. സലാഹുദ്ദീൻ ഖാഹിരി (ഖു സി) പറഞ്ഞ്‌ വെച്ചപോലെ ഓതി തിരുനബി സാന്നിദ്യം ലഭ്യമാക്കണമെന്ന ഉദ്ദേശം പോലുമില്ല പലർക്കും. ഓട്ടമാണ്‌. പെട്ടെന്ന് അവസാനിപ്പിക്കണം എന്ന മട്ടിലാണ്‌. ആരോ ചെയ്ത്‌ വെച്ചത്‌ ഏറ്റെടുത്ത്‌ പോയ ബാധ്യതയായി മാത്രം കണ്ടുപോകുന്ന ഒരു സമൂഹമായി നാം മാറിക്കൊണ്ടിരിക്കുന്നു.

തിരിച്ചുപോകണം നമുക്ക്‌. മാർഗ്ഗദർശ്ശികളായ മുൻഗാമികൾ പഠിപ്പിച്ച്‌ തന്ന പോലെ ആനന്ദപുളകിതമായി അനുരാഗപരിവേശത്തോടെ പ്രവാകാനുരാഗത്തിന്റെ മത്തിൽ  മൗലിദുകൾ ഓതണം... തിരു നബി (സ്വ.അ) നമ്മുടെ വീട്ടിലും ആതിത്യമരുളണം... 
സുഗന്ധം പരക്കണം.
പടച്ച റബ്ബ്‌ അനുഗ്രഹിക്കട്ടെ. 
ആമീൻ ...

(തുടരും)
ഇൻ ശാ അല്ലാഹ്‌
for feed back contact:
8547378582
Share on Google Plus

About SNT

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

3 comments:

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക