⏬
ലോകത്താകമാനമുള്ള മുസ് ലിം സമൂഹത്തിന് ഈ ഒരു ആത്മീയ നേതാവിനെ അറിയാതിരിക്കാൻ നിർവ്വാഹമില്ല. ഖുതുബുൽ അഖ്താബ്, ഗൗസുൽ അഅ് ളം എന്നീ പദവികൾ അലങ്കരിച്ച ഹമ്പലീ മദ്‌ഹബിനെ പുനരുജ്ജീവിപ്പിച്ച ഒളിമങ്ങാത്ത മഹാജ്ഞാനിയാണവിടുന്ന്.
അവിടുത്തെയിലൂടെ കടന്നു പോകുന്ന സൂഫി ധാരയാണ് ഖാദിരി ത്വരീഖത്. ലോകത്താകമാനം ഏറെ അനുയായികളുള്ള ഒരു സൂഫി ധാരയാണ് ഖാദിരി ത്വരീഖത്ത്.
ഖാജാ മുഈനുദ്ദീനുൽ ചിസ്തി (ഖു സി), ശൈഖ് അഹ്മദുൽ കബീർ രിഫായി (ഖു സി) എന്നിവരൊക്കെ ജീവിച്ചുരുന്ന കാലഘട്ടത്തിൽ തന്നെ അവിടുന്ന് ഗൗസുൽ അഅ്ളമായിരുന്നു.
അവരുടെയൊക്കെ ചുമലുകൾ അവിടുത്തേയ്ക്ക് വേണ്ടി കുനിഞ്ഞ് കൊടുത്തത് 50 ൽ അധികം ചരിത്ര കിതാബുകളിൽ കാണാം.
വൈജ്ഞാനിക ലോകത്തെ ഉന്നത പണ്ഡിതമഹത്തുക്കൾ ജീവിച്ച "സൽജൂക്ക്" ഭരണകാലത്താണവിടുന്ന് ജീവിച്ചിരുന്നത്. ഇബ്നുസ്സലാഹ്, ഇബ്ൻ ഹാജിബ്, ഇബ്ൻ ജൗസി (ഖു സി) തുടങ്ങിയവരുടെ കാലഘട്ടം.
സൽജൂക്കിയൻ ഭരണ പ്രദേശങ്ങളിൽ നാട്ടിൽ കുഴപ്പങ്ങൾ സൃഷ്ടിച്ച് അഹ് ലുസ്സുന്നയുടെ പണ്ഡിതരേയും ഭരണീയരെയും കൊന്ന് കൊലവിളിച്ച് ഒരു അടിയന്തരാവസ്താ കാലഘട്ടം പോലെ രൂക്ഷമായൊരു അന്തരീക്ഷത്തിൽ വിശുദ്ധ ഖുർ ആനിൽ ജനങ്ങളെ വഴി തെറ്റിച്ച് "ബാഥിനികൾ" വാണരുമ്പോൾ അഹ് ലുസ്സുന്നയുടെ യഥാർത്ഥ മാർഗ്ഗങ്ങളിലേയ്ക്ക് നയിക്കാൻ അവിടുന്ന് മുന്നിൽ നിന്ന് നയിച്ചപ്പോൾ ഈ ഉമ്മത്തിന് അതൊരു അനുഗ്രഹമായിരുന്നു.
ധൈര്യമായിരുന്നു.
ആവേശമായിരുന്നു.
അവിടുത്തെ കറാമത്തുകൾ കണ്ടും കേട്ടും അനുഭവിച്ചും ഉമ്മത്തിന്റെ വിശ്വാസം ദൃഢമാവുകയായിരുന്നു.
ഇസ്‌ലാമിക വിശ്വാസ ധാര പുനരുജ്ജിവിപ്പിച്ച് മാനവികതയുടെ മഹാപാഠങ്ങൾ മുഹമ്മദീയത്തിന്റെ ആത്മീയ ശോഭയിൽ "ബാബുൽ അസജ്ജിൽ" കത്തി നിന്ന്,
13 ൽ അധികം വിജ്ഞാന ശാഖകൾ ബഹുസ്ഫരിപ്പിച്ച്,
400 മഷിക്കുപ്പികൾ ചുറ്റുമിരുന്ന് അവിടുത്ത അധരമൊഴികൾ ഒപ്പിയെടുത്ത്,
വിശുദ്ദ ദീനിന്റെ ആശയസംഹിദകൾ എഴുതിയും പാടിയും പ്രസംഘിച്ചും അഖീദ ഊട്ടി ഇറപ്പിച്ച,
ലക്ഷക്കണക്കിന് അനുയായികളെ വിശ്വാസത്തിന്റെ ശാദ്വല തീരത്തേയ്ക്ക് സ്ഥിരപ്പെടുത്തി എടുക്കുമ്പോൾ ,
ആ തലമുറയുടെ വിശ്വാസദൃഡതയിൽ ത്യാഗത്തിന്റെയും ഇസ് ലാമികാ ഔന്നിത്യത്തിന്റേയും വീരേതിഹാസനായകനായി ഹിജ് റ 581 ൽ സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി ഖുദ്‌സിന്റെ വിമോചകനായകനാവുമ്പോൾ
സ്ഥൈര്യ ധൈര്യ വിശ്വാസമാനങ്ങൾ ആ ശിഥിലമായ സമൂഹത്തിൽ നീണ്ട 33 വർഷത്തെ സമുദ്ദാരണം കൊണ്ട് നെട്ട് വളർത്തി പരിപാലിച്ച അവിടുത്തെ ഇടപെടലുകളുടെ വസന്തോത്സുകതയാണെന്നതിൽ തർക്കമില്ല.
അറിയപ്പെട്ട ചരിത്രപരതലുകളിൽ ഖാദിരി ത്വരീഖത്തിന്റെ പ്രചുരപ്രചാരകനായി ലക്ഷദ്വീപുകളിൽ അറിയപ്പെട്ടിട്ടുള്ളത് മഹാനായ ശൈഖ് ഖാസിം വലിയുള്ളയുടെ (ഖു.സി). അവിടുന്ന് രിഫാ ഇ ധാരയുടെയും ഗുരുവര്യരായിരുന്നു.
എന്നാൽ ഖാദിരിയ്യത്തിന്റെ വേരുകൾ തേടുമ്പോൾ അത് ഖാസിം വലിയ്യുള്ളയുടെ (ഖു സി) കാലഘട്ടത്തിനും വളരെ മുമ്പേ തന്നെ ദ്വീപുകളിൽ പ്രചാരത്തിലുണ്ട് എന്ന് മനസ്സിലാക്കാവുന്നതാണ്.
പക്ഷെ അതിന്റെ പ്രചാരകരായ സൂഫി ഗുരുക്കന്മാർ ആരൊക്കെയാണെന്നുള്ളത് അവ്യക്തവുമാണ്.
ഖാസിം വലിയുള്ള (ഖു സി) ഖാദിരിയും, രിഫാ ഇയ്യും ഒന്നിപ്പിച്ച് കൊണ്ടുള്ള ഒരു രീതിയാണ് പ്രാവർത്തികമാക്കിയത്. അന്ന് ജാതീയതയുടെ ഉത്തുംഗതയിൽ നിൽക്കുകയായിരുന്ന ഈ സമൂഹത്തിൽ ഖാദിരി ത്വരീഖത്ത് പള്ളിക്കകത്തെ അകത്താപ്പള്ളിയിൽ ഉന്നത വിഭാഗക്കാർ മാത്രം അനുഷ്ടിച്ചുവന്നിരുന്ന റാത്തീബിനെ,
രിഫാഈ റാത്തീബിലെ ആയുധാഭ്യാസപ്രകടനങ്ങൾ ഉൾക്കൊള്ളിച്ചു - സമൂഹം മാറ്റിനിർത്തപ്പെട്ടവരെ കൂടി ചേർത്ത് പിടിച്ച്,
പള്ളിക്കകത്തും പുറത്തും റാത്തീബിന്റെ ശബ്ദ മാധുര്യം പകർന്ന് സൂഫി ധാരയ്ക്ക് ശക്തി പകർന്നു.
"തിക് ർ" എന്ന് നാം ഇന്ന് വിളിക്കുന്ന ദഫ് മുട്ട് പ്രാബല്യത്തിൽ കൊണ്ട് വന്നതോടെ ജനശ്രദ്ദ പിടിച്ചു പറ്റി. മിക്ക ദ്വീപുകളിലും റാത്തീബ് ഖാനകൾ സ്ഥാപിച്ചു (ഹുജ് റാ). അവിടുന്ന് നേരിട്ട് തന്നെ അതിനു നേതൃത്വം നൽകി.
ഓരോ ദ്വീപുകളിലും "ഖലീഫമാരെ" നിശ്ചയിച്ചു. അവർ എല്ലാ വെള്ളിയാഴ്ച്ചകളിലും തിങ്കളാഴ്ച്ചകളിലും റാത്തീബിനു നേതൃത്വം നൽകി.
അവിടുത്തേയ്ക്ക് ശേഷം അവിടുത്തെ പൗത്രമഹത്തുക്കൾ അത് ഏറ്റെടുത്ത് നടത്തിവരുന്നു. ഭരണ പരിശോദനോദ്യോഗസതരായി ദ്വീപുകൾ സന്ദർശ്ശിച്ചവർ പോലും റാതീബിലെ അത്ഭുത സംഭവങ്ങൾ റിപോർട്ട് ചെയ്തത് ചരിത്രത്തിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്.
ആയുധാഭ്യാസപ്രകടനങ്ങളെ നമ്മുടെ ഭാഷയിലേയ്ക്ക് പരിവർത്തിപ്പിച്ച് "കുത്ത് റാത്തീബ്" എന്ന് വിളിക്കപ്പെട്ടു.
"കുത്തലും ബെട്ടലും
ബാളാൽ ബെട്ടി മുറിക്കലും"
തുടങ്ങി അനുരാഗത്തിന്റെ അനുഭവബേധ്യത്തിന്റെ അനുഭൂതിയിൽ ആശിഖീങ്ങൾ ദഫിന്റെ അകംബടിയോടെ ബൈത്തുകളും, നശീദകളും
ദഫിന്റെ ശബ്ദഘോഷങ്ങളേക്കാൾ ഉച്ചത്തിൽ
"കബീർ കബീർ"
"ശൈഖ് രിഫാ ഈ"
വിളികളുടെ ശ്വാസോപാദികളിൽ
താളാത്മകമായ ചുവടുവെച്ച് അന്തരീക്ഷത്തിൽ അതിശക്തമായി ഉയർന്ന് പൊങ്ങിയും, ചാടി മറിഞ്ഞും കൈയ്കളിലെ ആയുധങ്ങൾ ശരീരങ്ങളെ മുറിവേൽപ്പിക്കുമ്പോൾ,
"ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെയും ശൈഖ് രിഫാഇയുടെയും" നശീദകൾ
തവസ്സുലിൽ കുരുത്ത്
തടവുന്നതോടെ മുറിവുകൾ അപ്രത്യക്ഷമാവുന്ന അത്ഭുത ദൃശ്യങ്ങൾക്ക് സാക്ഷിയരുളുന്നവർ കണ്ട് അമ്പരക്കാതിരിക്കുന്നതെങ്ങനെ !!.
ആത്മീയാനുഭവങ്ങൾ റാതീബിലൂടെ പ്രകടമാവുമ്പോൾ ഹൃദയാന്തരങ്ങളിൽ ഈമാനും ഇഷ്ഖും മുളപ്പിച്ചെടുത്ത് പരിശുദ്ധ ദീനിലേയ്ക്ക് ലക്ഷങ്ങളെ വഴിനടത്തിയ മഹാമനീഷികളിൽ
ഏറ്റവും ഉന്നതസ്തനായ ആത്മീയാചാര്യനാണ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (ഖു.സി)
അവിടുത്തെ പേരിൽ പള്ളികളും, മജ് ലിസുകളും, യൂണിവേസിറ്റികളും, മാല-മൗലിദുകളും ധാരാളമുണ്ട് ലോകത്ത്.
"ബാബുൽ അസജ്ജിലെ" പരിമളം റബീഉൽ ആഖിർ 10 അന്നൊരു ശനിയാഴ്ച്ച പകല് ഹിജ്‌റ 561 ൽ ആ തിരുമുറ്റത്ത് തന്നെ പൂങ്കാവനമൊരുക്കിയപ്പോഴും ത്വബരിസ്ഥാനിലെ ജീലാനിയിൽ ശൈഖ് അബൂസ്വാലിഹ് (ഖു.സി) ന്റെയും ഉമ്മുൽ ഖൈർ (റ) ന്റെയും പൊന്മകനായ് ഹിജ് റ 470 ൽ ലോകവെളിച്ചമായ് അവതരിച്ചൊരാണ്മേനിയുടെ പ്രൗഢി കാലങ്ങളെ അതിജീവിച്ച് ഇന്നും വാഴ്ത്തപ്പെട്ട് കൊണ്ടിരിക്കുന്നു.
സൂക്ഷമജ്ഞാനിയും, പരിത്യാഗിയും, പുനരുദ്ധാരകനും, കവിയും, ആത്മീയാചാര്യനും, മാതൃകായോഗ്യനും, ഔലിയാക്കളുടെയെല്ലാം നേതാവുമായ ഗൗസുൽ അഅ് ളം (ഖു സി) തങ്ങളുടെ ജീവിത വിശുദ്ധികൊണ്ട് നമ്മെ ഇരുലോക വിജയികളിൽ ഉൾപ്പെടുത്തി നാഥൻ അനുഗ്രഹിക്കട്ടെ.
ആമീൻ
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക