Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

recent updates

പ്രിയപ്പെട്ട ഖാളിയാർ

Written By SNT on 2024, മാർച്ച് 28, വ്യാഴാഴ്‌ച | 9:26 PM

കിൽത്താൻ ദ്വീപ്‌ ഖാളിയും ലക്ഷദ്വീപിലെ അറിയപ്പെട്ട മതപണ്ഡിതനും വാഗ്മിയും അഗാധമായ ജ്ഞാനസമ്പത്തുള്ള ഗുരുവര്യരും ആയ ബഹുമാനപ്പെട്ട ഉസ്താദ്‌ ,ഖാളി ചൂളത്തിയോട ശംഊൻ ഫൈസി (മേലാചെറ്റ ശൈഖ്‌ ആണ്‌ അവിടുത്തെ ബാപ്പ) ഇന്ന്, റമളാൻ 17 വ്യായാഴ്ച്ച മദീനയിൽ വെച്ച്‌ ഈ ലോകത്തോട്‌ വിടപറഞ്ഞിരിക്കുന്നു... ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജി ഊൻ...

     നീണ്ട കാലഘട്ടം കിൽത്താൻ ദ്വീപിന്റെ മതസാമൂഹിക മേഖലകളിൽ നേതൃത്വം നൽകി ഈ ചെറിയപൊന്നാനിയുടെ വിജ്ഞാന വെളിച്ചം കെടാതെ സൂക്ഷിച്ച അഭിവന്ദ്യ ഉസ്താദ്‌....
ആക്ഷേപങ്ങളെയും പരിഹാസങ്ങളേയും പുഞ്ചിരിയോടെ നേരിട്ട്‌  തന്റെ സ്വതസിദ്ധമായ ശൈലിയിൽ താൻ പഠിച്ചെടുത്ത അറിവിന്റെ വെളിച്ചം ചുറ്റുമുള്ളവർക്ക്‌ നിരന്തരം വാരി വിതറി, നല്ല നല്ല ഉപദേശങ്ങളാൽ സന്മാർഗ്ഗം കാണിച്ച്‌ നടന്ന് നീങ്ങിയ സാത്വികനായ വലിയ പണ്ഡിതൻ...
     ഖാളി എന്ന സ്ഥാനത്തിന്റെ ആലങ്കാരങ്ങളോ അഹങ്കാരങ്ങളോ ഇല്ലാതെ , ലാളിത്യത്തോടെ ജീവിച്ച മഹാമനൂഷി....
വിലപ്പെട്ട സമയങ്ങൾ വെറുതെ പാഴാക്കിക്കളയാതെ തൈയ്‌ തെങ്ങുകൾ നെട്ടു നനച്ചും മത ക്ലാസുകൾ സംഘടിപ്പിച്ചും ദർസ്സ്‌ നടത്തിയും ഉറുദി പറഞ്ഞും ദിക്‌ റും ഇബാദത്തുകളിലുമായി കഴിച്ചു കൂട്ടിയ മാതൃയോഗ്യനായ പണ്ഡിതൻ.

എല്ലാ റമളാനിലും അവിടുന്ന് തന്റെ പ്രസംഘത്തിനൊടെ പറയുമായിരുന്നു.
" കഴിഞ്ഞ റമളാനിൽ നമ്മോടൊപ്പം ഉണ്ടായിരുന്ന പലരും നമ്മോടൊപ്പമില്ല. അടുത്ത റമളാനിൽ നമ്മിൽ ആരൊക്കെ ഉണ്ടാകും എന്നും അറിയില്ല. ഈ റമളാനിൽ നിങ്ങൾ നിങ്ങൾക്ക്‌ കഴിയുന്നത്ര അമലുകൾ വർദ്ദ്ഫിപ്പിക്കുക. 
പറയാനും ഉപദേശിക്കാനുമാണ്‌ എനിക്ക്‌ കഴിയുക... കേൾക്കേണ്ടവർ കേൾക്കുക... അല്ലാത്തവർ നിശേധിക്കുക. അല്ലാഹു നമുക്ക്‌ ഹിദായത്ത്‌ നൽകട്ടെ ..."എന്ന്.

ഈ റമളാനിൽ ഇതാ.... പ്രിയപ്പെട്ട ഖാളിയാർ നമ്മോട്‌ വിടപറഞ്ഞിരിക്കുന്നു.
അവിടുത്തെ ഉപദേശങ്ങൾ, നിർദ്ദേശങ്ങൾ, വാഗ്ദോരണികൾ ഇവിടെ നിലനിൽക്കുന്നു... അതേറ്റ്‌ പിടിച്ച്‌ ജീവിതം ഇസ്ലാമികമാക്കാൻ നാം ഓരോരുത്തരും ശ്രദ്ദിക്കുക. നാഥൻ തൗഫീഖ്‌ നൽകട്ടെ.

അവിടുത്തെ പ്രസംഘം സരളവും അർത്ഥഗർഭവും അറിവുകൾ ഒരുപാട്‌ കോർത്തിണക്കിയ മനോഹരമായിരുന്നു.  ആദ്യം കേൾക്കുമ്പോൾ ഒന്നും മനസ്സിലാവില്ലെങ്കിലും മനസ്സിലാവാൻ തുടങ്ങിയാൽ കേട്ടിട്ടും മതിവരാത്തത്ര അറിവിനാൽ നിറഞ്ഞ്‌ തുളുമ്പിയ പ്രഭാഷണങ്ങളായിരുന്നു.
വിമർശ്ശകർ പോലും അവിടുത്തെ പാണ്ഡിത്യം അംഗീകരിച്ചതാണ്‌...

അല്ലാഹു അവിടുത്തെ ദറജ ഉയർത്തിക്കൊടുക്കട്ടെ ...
ആമീൻ

9:26 PM | 4 comments

ബദ്‌ർ ; ഒരു ചരിത്രവായന

1. 313 സ്വഹാബികൾ

313 സ്വഹാബികൾ മാത്രമാണ്‌ അന്ന് മുസ്‌ ലിം ജനസംഖ്യ എന്ന് തെറ്റിദ്ദരിച്ച്‌ പോകരുത്‌. ബദ്‌ റിൽ പങ്കെടുക്കാത്ത വ്യക്തമായ കാരണങ്ങളുള്ള 10 ഓളം സ്വഹാബിമാരുടെ പേരുകൾ ചരിത്രത്തിൽ കാണാം. 
മാത്രമല്ല മുസ്‌ ലിം വനിതകളാരും 313 ൽ എണ്ണുന്നില്ലല്ലോ. അവരും  മദീനയിലും മറ്റുമായി ഉണ്ട്‌ എന്ന് നാം ഓർക്കണം.
അതുപോലെ എത്യോപ്യയിലേക്ക്‌ ഹിജ്‌ റപോയ ജ അ്ഫർ ഇബ്ൻ അബൂത്വാലിബ്‌ (റ) നെ പോലുള്ള പല സ്വഹാബികളും രാജ്യത്തിനു പുറത്താണ്‌. അബൂ മൂസൽ അശ്‌ അരിയും 40 ഓളം മുസ്‌ ലിംകളും യമനിലായിരുന്നുവെന്നും ഓർക്കണം.. ആ രണ്ട്‌ സംഘവും ഖൈബർ യുദ്ധ വേളയിലാണ്‌ തിരിച്ച്‌ വരുന്നത്‌.

2. അബ്ദുള്ളാഹ്‌ ഇബ്ൻ ഉമ്മി മക്തൂം

ബദ്‌ റിലേക്ക്‌ നബി (സ്വ.അ) യും സംഘവും പുറപ്പെടുമ്പോൾ മദീനത്തെ പള്ളിയിലെ ഇമാമായി തന്റെ അഭാവത്തിൽ തിരുനബി (സ്വ.അ) നിയോഗിച്ചത്‌ ബധിരനായ ഈ സ്വഹാബിയെ ആയിരുന്നു.
പ്രധാനപ്പെട്ട ഉത്തരവാദിത്വം അബ്ദുല്ലാഹ്‌ ഇബ്ൻ ഉമ്മി മക്തൂം (റ) നെ ഏൽപ്പിച്ചതിലൂടെ ഭിന്നശേഷിക്കാരായവരെ അവിടുന്ന് പ്രത്യേകം പരിഗണ നൽകിയ ഉദാത്ത മാതൃക കാണാവുന്നതാണ്‌.

3. അബ്ദുല്ലാഹ്‌ ഇബ്ൻ മസ്‌ ഊദ്‌ (റ)

സാധാരണ ആരോഗ്യവാനായ ഒരാൾ ഇരിക്കുമ്പോൾ ഉള്ള ഉയരമാണ്‌ അവിടുന്ന് നിൽക്കുമ്പോൾ എന്ന് ചരിത്രത്തിൽ കാണാം. അത്രയും പൊക്കം കുറഞ്ഞ വളരെ മെലിഞ്ഞ കാലുകളുള്ള ആളായിരുന്നു മഹാനവർ കൾ. 
ബദ്‌ ർ യുദ്ധാനന്തരം പരിക്കേറ്റവർ ആരെങ്കിലുമുണ്ടോ എന്ന് നോക്കാനും ശത്രുക്കളുടെ നേതാവ്‌ അബൂജഹലിനെ കണ്ടെത്താനും നൊയോഗിക്കപ്പെട്ടത്‌ ഈ പൊക്കം കുറഞ്ഞ സ്വഹാബിയെ ആയിരുന്നു . അബൂജഹലിനെ ചക്രശ്വാസം വലിക്കുന്ന നിലയിൽ കണ്ടെത്തിയത്‌ ഇബ്ൻ മസ്‌ ഊദ്‌ (റ) ആണ്‌. അവിടെയും നബി (സ്വ.അ) ലോകത്തിനു മാതൃകയായി.

4. മു ആദ്‌ (റ) , മു അവ്വിദ്‌ (റ)


കൗമാരപ്രായമുള്ള ധീര സ്വഹാബിമാർ. യുദ്ധക്കളത്തിൽ ഇരുവരുടേയും ലക്ഷ്യം ഒന്നേ ഉണ്ടായിരുന്നുള്ളു. പുന്നാര നബി തങ്ങളെ (സ്വ അ) വല്ലാതെ ഉപദ്രവിക്കുമായിരുന്ന അബൂജഹിലിനെ കൊല്ലുക. അവർ ഇരുവരും ആ ലക്ഷ്യം പൂർത്തീകരിക്കുകയും ചെയ്തു. 
മു ആദ്‌ ഇബ്ൻ അം റിബ്ൻ ജമൂഹ്‌ (റ). കേവലം 17 വയസ്സ്‌ മാത്രമുണ്ടായിരുന്ന മഹാനവർ കളാണ്‌ ആദ്യം അബൂജഹലിനെ വെട്ടുന്നത്‌. ശത്രുക്കളുടെ അഹങ്കാരിയായ നേതാവിന്റെ ഇടതു കാലിനാണ്‌ വെട്ട്‌. വെട്ട്‌ കൊണ്ട്‌ ഇടത്‌ കാല്‌ ശരീരത്തിൽ നിന്ന് തെറിച്ച്‌ പോയി. ദൃസാക്ഷിയായി ഒരാൾ ആ സംഭവം പിന്നീട്‌ വിവരിച്ചത്‌ കാണാം. " ആട്ട്‌ കല്ലിൽ പെട്ട്‌ ഈത്തപ്പഴത്തിന്റെ കുരു തെറിച്ച്‌ പ്പൊകുന്നപോലെയായിരുന്നു അത്‌ ". അത്രയേറെ ശക്തമായ വെട്ടായിരുന്നു മു ആദ്‌ (റ) ന്റേത്‌. ഉടനെ അബൂജഹലിന്റെ മകനും പിന്നീട്‌ ഇസ്‌ ലാമിലേക്ക്‌ കടന്ന് വന്നവരുമായ ഇക്‌ രിമ (റ) തിരിച്ച്‌ മു ആദ്‌ (റ) ന്റെ ഒരു കൈയ്‌ വെട്ടി. വെട്ട്‌ കൊണ്ട്‌ അവിടുത്തെ കൈയ്‌ തോലിൽ തൂങ്ങിയാടി. ആ സമയത്ത്‌ ആ ധീരയോദ്ധാവ്‌ തന്റെ കാലിനടിയിലേക്ക്‌ അറ്റ്‌ തൂങ്ങിയ കൈയ്‌ തണ്ട്‌ ചവിട്ടിപ്പിടിച്ച്‌ നിവർന്ന് നിന്നു. യുദ്ധക്കളത്തിൽ ബുദ്ധിമുട്ടായ ആ കൈയ്‌ ശരീരത്തിൽ നിന്ന് അടർന്ന് വീണു.  പിന്നീട്‌ ഒറ്റക്കയ്യുമായി ബദറിൽ അവിടുന്ന് പോരാടി. മു ആദ്‌ (റ) പിന്നീടൊരുപാട്‌ കാലം ഒറ്റക്കയ്യനായി ജീവിച്ചിട്ടുണ്ട്‌.. ഉസ്മാൻ (റ) ഖിലാഫത്തിന്റെ കാലത്താണ്‌ അവിടുന്ന് വഫാത്താകുന്നത്‌.
രണ്ടാമത്‌ അബൂജഹലിനെ വെട്ടുന്നത്‌ മു അവ്വിദ്‌ (റ) ആണ്‌. അബൂജഹലിന്റെ വലതു കാൽ. അങ്ങനെ അബൂജഹൽ യുദ്ധക്കളത്തിൽ മലർന്നടിച്ചു വീണ്‌ ചക്രശ്വാസം വലിച്ചു. 
മുഅവ്വിദ്‌ (റ) ബദറിൽ ശഹീദായി.

5. മിസ്‌ അബ്‌ ഇബ്ൻ ഉമൈർ (റ)

ബദറിൽ മുസ്‌ ലിം സൈന്യത്തിന്റെ പതാകവാഹകൻ. അക്കാലത്ത്‌ ഏറ്റവും അപകടം പിടിച്ചതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഉത്തരവാദിത്വമാണ്‌ പതാക വാഹകൻ ആവുക എന്നത്‌. സൈന്യത്തിന്റെ നെടും തൂണായി കണക്കാക്കുന്നത്‌ പതാക വാഹകനെയാണ്‌. ആ പതാക വാഹകനെ കൊന്ന് പതാക നിലംതൊടുമ്പോൾ ശത്രുപക്ഷം വിജയികളാവും... അക്കാരണത്താലാണ്‌ പല യുദ്ധനഗളിലും സ്വശരീരത്തിന്റെ അവയവങ്ങൾ നഷ്ടപ്പെട്ടിട്ടും പതാക മണ്ണിലേക്ക്‌ വീഴാതെ ഇതിഹാസതുല്യമായ പതാക കൈയ്മാറ്റങ്ങൾ ചരിത്രത്തിൽ കടന്നുവരുന്നത്‌.. മിസ്‌ അബ്‌ (റ) ബദറിൽ പതാകവാഹകനായത്‌ കൊണ്ടാണ്‌ ഉഹുദ്‌ യുദ്ധവേളയിൽ മഹാനവർ കളെ ശത്രുക്കൾ ടാർജ്ജറ്റ്‌ ചെയ്യപ്പെട്ടത്‌. വളരെ ക്രൂരമായി കൊലപ്പെടുത്തിയത്‌ എന്നിവിടെ ചേർത്തുവായിക്കണം.. 
മക്കയിലെ ഏറ്റവും സുമുഖനും ധനാഡ്യനുമായ മിസ്‌ അബ്‌ (റ) ഇസ്ലാമിനു വേണ്ടി സ്വജീവൻ തന്നെ സമർപ്പിച്ച ചരിത്രത്തിലെ തുല്യതയില്ലാത്ത ധീരത കാണിച്ച ബദ്‌ റിന്റെ പതാകവാഹകൻ.....

6. അബൂ ഉബൈദ (റ)

ബദ്‌ റിൽ പോരാട്ടം കൊടുമ്പിരി കൊണ്ടു. അബൂ ഉബൈദ (റ) ന്റെ പിതാവ്‌ ശത്രുപക്ഷത്താണ്‌. പിതാവ്‌ മകനെ വധിക്കാനായി യുദ്ധക്കളത്തിലാകെ പരതി നടന്നു.  മകൻ (അബൂ ഉബൈദ (റ) പരമാവധി തന്റെ പിതാവിന്റെ മുമ്പിൽ പെടാതെ കഴിയുന്നതും ഒഴിഞ്ഞുമാറി നടന്നു. എന്നാൽ യുദ്ധത്തിന്റെ ഏതോ ഒരു പ്പൊയിന്റിൽ അവർ ഇരുവരും നേർക്കുനേർ കണ്ടുമുട്ടി. അബൂ ഉബൈദ (റ) പരമാവധി പ്രതിരോധിക്കുക മാത്രം ചെയ്തപ്പോൾ അവിടുത്തെ പിതാവ്‌ മകനെ കൊല്ലാനുള്ള ആവേശത്തിലായിരുന്നു. അവസാനം അബൂ ഉബൈദ (റ) ന്‌ സ്വന്തം പിതാവിനെ ഇസ്‌ ലാമിന്‌ എതിരെ വന്നതിനാൽ കൊല്ലേണ്ടി വന്നു. യുദ്ദാനന്തരം അവിടുത്തെ കുറിച്ച്‌ അപവാദങ്ങൾ ശത്രുക്കൾ പടച്ചു വിട്ടു. സ്വന്തം പിതാവിനെ കൊന്ന മകൻ എന്ന് ആക്ഷേപിച്ചു. ഒടുക്കം  അബൂ ഉബൈദ (റ) നെ സമാശ്വസിപ്പിച്ച്‌ കൊണ്ട്‌ ഖുർ ആനിക ആയത്ത്‌ ഇറക്കപ്പെട്ടു. (സൂറത്തുൽ മുജാദലയുടെ അവസാന ആയത്ത്‌ . (അബൂ ഉബൈദ (റ) , അബൂബകർ സ്വിദ്ദീഖ്‌ (റ), ഉമർ (റ) എന്നിവർ ഈ ആയതിന്റെ പരിധിയിൽ വരുന്നുണ്ട്‌. ഇവർ മൂന്ന് പേരും തങ്ങളുടെ സ്വന്തം ചോരകൾക്കു നേരെ യുദ്ധം ചെയ്യേണ്ടി വന്നവരാണ്‌)

7. ഹംസ (റ)

ബദ്‌ ർ ഹംസ (റ) ദിവസമായിരുന്നു എന്ന് പറയാറുണ്ടായിരുന്നു. അത്രയേറെ ബദ്‌ ർ രണാങ്കളത്തിൽ പോരാട്ടം കാഴ്ച്ച വെച്ചവരായിരുന്നു.  അതുകൊണ്ടാണ്‌ ഉഹുദിൽ അവിടുത്തെ ടാർജ്ജറ്റ്‌ ചെയ്യപ്പെട്ട്‌ ക്രൂരമായി കൊലപ്പെടുത്തിയത്‌.

8. ഉക്കാശത്‌ ഇബ്ൻ മിഹ്സൻ (റ)

"സബഖഖ ബിഹാ ഉക്കാശ " എന്ന പ്രസിദ്ധ ഹദീസ്‌ ഓർക്കുമല്ലോ. സ്വർഗ്ഗാവകാശിയായി നബി (സ്വ.അ)  അരുൾ ചെയ്ത സ്വഹാബിയാണ്‌.
യുദ്ദവേളയിൽ അവിടുത്തെ വാള്‌ പൊട്ടിപ്പോവുകയും തിരു നബി (സ്വ.അ) യോട്‌ തന്റെ വാൾ പൊട്ടിയ കാര്യം പറയുകയും ചെയ്തപ്പോൾ അവിടുന്ന് (സ്വ.അ) ഒരു വടി കൊടുത്തു ഉക്കാശ (റ) ന്‌. വടി കൊണ്ട്‌ ബദ്‌ റിന്റെ രണഭൂമിയിലേക്ക്‌ യാതൊരു സങ്കോചവുമില്ലാതെ ആ സ്വഹാബി നീങ്ങി. വടി ശത്രുവിന്‌ നേരെ വീശിയതും ബദ്‌ റിൽ അത്ഭുതം സംഭവിക്കുകയായി. ആ വടി മുർച്ചയുള്ള വാളായി രൂപാന്തരപ്പെട്ടു. ആ വാളിന്‌ അവിടുന്ന് "ഔൻ" എന്ന് നാമകരണം ചെയ്തു.പിന്നീട്‌ ആ വാളുമായിട്ടാണ്‌ മറ്റുള്ള എല്ലാ യുദ്ദങ്ങളും അവിടുന്ന് പോരാടിയത്‌.

9. സുബൈർ ഇബ്നുൽ അവ്വാം (റ)
മുസ്‌ ലിം സൈന്യത്തിൽ ആകെ ഉണ്ടായിരുന്ന 2 കുതിരപ്പടയാളികളിൽ ഒരാൾ. 
അവിടുന്ന് ബദ്‌ റിൽ ഉപയോഗിച്ച കുന്തം ബദ്‌ റിന്റെ സ്മരണാർത്ഥം നബി (സ്വ അ) അത്‌ വാങ്ങുകയും സൂക്ഷിക്കുകയും ചെയ്തു. പിന്നീട്‌ നബി (സ്വ അ) യുടെ വഫാത്തിനുശേഷം അവിടുന്ന് അത്‌ തിരിച്ച്‌ വാങ്ങുകയും പിന്നീട്‌ 4 ഖലീഫമാരും ആ കുന്തം കൈവശപ്പെടുത്തി സംരക്ഷിച്ചിരുന്നു. ബദ്‌ റിൽ അബൂദാത്തുൽ കർശ്ശ്‌ എന്ന ശത്രുപക്ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട പോരാളിയെ കൊല്ലാൻ ഉപയോഗിച്ച കുന്തം ആയിരുന്നു അത്‌.

10. നോമ്പ്‌ നിർബന്ധമാക്കപ്പെട്ട ആദ്യ റമളാൻ നോമ്പ്‌ മാസത്തിലാണ്‌ യുദ്ദം അരങ്ങേറിയത്‌. റമളാൻ പതിനേഴിന്റെ അസറിനു ശേഷമാണ്‌ യുദ്ദം കൊടുമ്പിരി കൊണ്ടത്‌.
മൂന്നിരട്ടിയോളം വലിപ്പമുള്ള സർവ്വസായുധ സജ്ജരായ ശത്രുക്കൾക്കെതിരെ 313 പേർ (അഭിപ്രായ വ്യത്യാസം ഉണ്ട്‌) അണി നിരന്ന യുദ്ദം. എന്നാൽ അന്ന് അടർക്കളത്തിലേക്ക്‌  മുസ്‌ ലിം സൈന്യം നോക്കുമ്പോൾ ശത്രുപക്ഷത്തെ 100 കിറഞ്ഞ സംഘമായിട്ട്‌ അല്ലാഹു (സു.അ) അവർക്ക്‌ കാണിച്ചു കൊടുത്തു എന്ന അത്ഭുതവും ബദ്‌ റിൽ നമുക്ക്‌ വായിക്കാൻ സാധിക്കും (സ്വഹീഹുൽ ബുഖാരി)



പറയാനും എഴുതാനും ഏറെയുണ്ട്‌ ..
ചുരുക്കുന്നു.

നാഥൻ ആ ബദ്‌ രീങ്ങളോടൊപ്പം നമ്മെ നാളെ ജന്നാത്തിൽ ഒരുമിച്ച്‌ കൂട്ടട്ടെ . ആമീൻ.

ദു ആ വസ്സിയ്യത്തോടെ 



തഖിയ്യുദ്ധീൻ അലി സി എച്ച്‌
കിൽത്താൻ

1:54 AM | 2 comments

"തഹ്സീനുൽ ഖിറാഅ:"

Written By കടൽത്തീരം on 2024, മാർച്ച് 19, ചൊവ്വാഴ്ച | 3:33 PM


 SKSSF KILTAN യൂണിറ്റിന്റെ കീഴിൽ "തഹ്സീനുൽ ഖിറാഅ:" എന്ന 7 ദിന  "ഖുർആൻ പഠന ക്ലാസ്‌" സംഘടിപ്പിച്ചിരിക്കുകയാണ്‌.

ഖുർആൻ ഇറക്കാൻ അല്ലാഹു (സു അ) തെരെഞ്ഞെടുത്ത പരിശുദ്ധമാക്കപ്പെട്ട റമളാൻ മാസത്തിൽ ഖുർആൻ പഠന സംഗമം എന്ത്‌ കൊണ്ടും വളരെ പ്രസക്തമാണ്‌, ഏറെ പുണ്യകരവുമാണ്‌.

ഖുർആൻ പഠന ക്ലാസ്‌ - വയസ്സ്‌ ഒരു വിഷയമേ അല്ല. 

താൽപര്യമുള്ളവർക്ക്‌ പങ്കെടുക്കാം. 

പങ്കെടുക്കുന്ന ഓരോ വ്യക്തികൾക്കും  കോഴ്സ്‌ സർട്ടിഫികറ്റും ഉണ്ടായിരിക്കുന്നതാണ്‌.

കോഴ്സ്‌ വിവരങ്ങൾ:

1. ഫാത്തിഹ 

▶ഫാത്തിഹ പാരായണം, പരിശീലനം

▶ആയതിന്റെ ഘടന

▶അനിവാര്യത

▶നിസ്കാരം നഷ്ടപ്പെടുത്തിയേക്കാവുന്ന തെറ്റുകൾ

▶പാരായണ നിയമങ്ങൾ

▶ ഫാത്തിഹാ സൂറത്തിന്റെ പ്രാധാന്യം

▶മഹത്വങ്ങൾ 

▶ആശയം, അർത്ഥം തുടങ്ങിയവ ഉൾക്കൊള്ളുന്നു.

2. യാസീൻ

▶ യാസീൻ പാരായണ പരിശീലനം

▶യാസീൻ സൂറത്തിന്റെ പ്രാധാന്യം, മഹത്വം

▶ ആശയവിവരണം തുടങ്ങിയവ ഉൾക്കൊള്ളുന്നു 

ക്ലാസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക:

8547378582

8281569935

NB: 

സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ക്ലാസുകൾ ആയിരിക്കും

റെജിസ്ട്രേഷൻ ഫീ  111 രൂപ മാത്രം

റെജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി-

21-03-2024 രാത്രി10.30 വരെ



3:33 PM | 1 comments

new posts

Blogger പിന്തുണയോടെ.

തിരു മൊഴികൾ

ഒരു നന്മയും നിങ്ങൾ നിസ്സാരമാക്കരുത്. സഹോദരന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കൽ പോലും. (മുസ്ലിം)

Recent comments

ഇത് വരേയുള്ള സന്തർഷകർ

സന്തർഷകർ

How to read malayalam

How to read malayalm മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിന്‍ ഇവിടെ അല്ലെങ്കില്‍ ഇവിടെ ക്ലിക്ക്

പേജുകള്‍‌

ഫ്ലാഷ്


നിങ്ങൾക്കും വാർത്ത്കൾ നൽകാൻ ഞങ്ങൾ അവസരം നൽകുന്നു. kadaltheeramblog@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് നിങ്ങളുടെ വാർത്തകളും അഭിപ്രായങ്ങളും അയച്ചുതരുക

Advertisements